Total Pageviews

23 June 2021

titofoto's travel photo story - WAYANAD

 THIRUVANATHAPURAM to WAYANAD

a two wheeler family trip 



യാത്രയും വായനയും കൊണ്ടാണ് കാഴ്ചയും കാഴ്ചപ്പാടും വളരുന്നത്. കൊറോണ വന്നതോടെ യാത്രകൾ പൂർണ്ണമായും നിലച്ചു. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണ്. അങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തു. ഒരു 'ടു വീലർ റൈഡ്'. ബുള്ളറ്റും ആക്റ്റീവയും കുട്ടികളുമായി വയനാടിന് 'ഫാമിലി ടൂവീലർ റൈഡ്'. ടൂവീലറിൽ ഇത്രയും ദൂരം ആദ്യമായതുകൊണ്ടും കുട്ടികൾ കൂടെയുള്ളതുകൊണ്ടും വയനാട് എത്തിയേ പറ്റൂ എന്ന വാശിയൊന്നുമില്ലായിരുന്നു. യാതപോകുന്നു, മടുക്കുമ്പോൾ തിരിച്ചു പോരുന്നു അത്രതന്നെ. അതുകൊണ്ട് തന്നെ ആരോടും പറഞ്ഞുമില്ല..

2021 മാർച്ച് 10 നു വൈകുന്നേരം 5.30 നു ഞങ്ങൾ പുറപ്പെട്ടു.  എറ്റവും ഉത്സാഹം കുട്ടികൾക്കായിരുന്നു. നേരെ എറണാകുളമായിരുന്നു ലക്ഷ്യം. പക്ഷെ വഴിക്കു നല്ല മഴയായിരുന്നതുകൊണ്ട് ആലപ്പുഴയിൽ തങ്ങാൻ തീരുമാനിച്ചു. തീരുമാനം ചങ്ക് ബ്രോ Jayadevan നെ  അറിയിച്ചപ്പോൾ അവിടെ നല്ല ചൂട് കഞ്ഞിയുമായി അവർ കാത്തിരുന്നു. അവിടുത്തെ കുട്ടികളുമായി ഞങ്ങളുടെ കുട്ടികൾ ഒരുപാടുകാലത്തിനു ശേഷം സ്നേഹം പങ്കിട്ടു. അവിടുന്ന് രാവിലെ എറണാകുളം. തലേദിവസം കാത്തിരുന്ന് മുഷിഞ്ഞ ഒരു പരിഭവവും ഇല്ലാതെ ഭാര്യയുടെ സഹയാത്രിക സുഹൃത്ത് Asha Purushothaman ന്റെ ഫ്ലാറ്റിൽ സ്നേഹ സ്വീകരണം. ഞങ്ങളുടെ യാത്രാവിവരം അറിഞ്ഞ് യാത്രകളെ സ്നേഹിക്കുന്ന Rasmi V Nair  അവിടെ വന്നു. ഞങ്ങൾ ഒരുമിച്ച് ഊണും കഴിഞ്ഞു അവിടുന്ന് ഉച്ചകഴിഞ്ഞു കോഴിക്കോട് ലക്ഷ്യമായി പുറപ്പെട്ടു. 

വടക്കൻ പറവൂർ, കൊടുങ്ങല്ലൂർ, കുറ്റിപ്പുറം, പൊന്നാനി, രാമനാട്ടുകര വഴി ഇടയ്ക്കു ചെറിയ കടകളിലെ ചായയും ഓരോ സ്ഥലത്തെയും വ്യത്യസ്ത പലഹാരങ്ങളും രുചിച്ച് നേരെ പേരാമ്പ്ര ഞങ്ങളുടെ പ്രിയ സുഹൃത്ത് Sudheerkumar ന്റെ വീട്ടിലേക്ക്. അവിടെ എത്തിയപ്പോൾ വായനാടല്ല അതിനപ്പുറവും ഈ കെ കെ ജോസഫ് ചാടികടക്കുമെന്ന  രീതിയിലാണ് കുട്ടികൾ. അവരുടെ സ്നേഹത്തിനുമുന്പിൽ പിറ്റേന്ന് വെളുപ്പിന് പ്ലാൻ ചെയ്ത ചുരംകയറ്റം പത്തരയ്ക്കാണ്‌ തുടങ്ങിയത്. കുറ്റ്യാടി ചുരം വഴി കൽപ്പറ്റയാണ് ലക്ഷ്യം. അവിടെ കൽപ്പറ്റയിൽ Roop Kala ഞങ്ങളെ കാത്തിരിപ്പുണ്ട്. പോകും വഴി ഞങ്ങൾ പഴശ്ശിരാജ തമ്പടിച്ച കുങ്കിച്ചിറ എന്ന സ്ഥലം കണ്ടിട്ട് പോകാൻ തീരുമാനിച്ചു.






വയനാടൻ ഗ്രാമകാഴ്ചകൾ കണ്ട് എട്ടു നൂറ്റാണ്ട് പഴക്കമുള്ള കഥകളും ഐതിഹ്യങ്ങളുമുള്ള കുങ്കിച്ചിറയിൽ എത്തി. ഇവിടുത്തെ നാടുവാഴിയുടെ മകളായ കൊടുമല കുങ്കിയാണ് ഈ കുളം നിർമ്മിച്ചത്. കൂടാതെ ഇതിന്റെ തീരത്തായി ഒരു കോട്ടയും കുങ്കി പണികഴിപ്പിച്ചിരുന്നു. കുളിക്കാനായി ഏഴുദിവസം കൊണ്ട് കുങ്കി ഇവിടെ ഒരു കുളം നിര്‍മിക്കുകയായിരുന്നെന്ന് കുങ്കിച്ചിറയെക്കുറിച്ചു മറ്റൊരു ഐതിഹ്യവുമുണ്ട്. ചിറയുടെ സമീപം വനത്തിനുള്ളിൽ പഴശ്ശിരാജ കുറിച്യർക്ക് പരിശീലനം കൊടുത്തിരുന്ന വലിയ മൈതാനവുമുണ്ട്. തലയ്ക്കല്‍ ചന്തുവിന്റെ തറവാട് ഇതിന് സമീപമാണ്.

കുങ്കി

കുങ്കിച്ചിറയിൽ നിന്നും ബാണാസുര സാഗർ അണക്കെട്ടിലേക്ക്, ബാണാസുരയിൽ വച്ച് മറ്റൊരു ടീമിനൊപ്പം യാത്രവന്ന നാട്ടുകാരൻ Joyjames നെയും Deepa ച്ചേച്ചിയെയും മോളെയും അപ്രതീക്ഷിതമായി കാണാൻ സാധിച്ചു. ഒരുപാടുകാലം കൂടി കാണുന്ന അവരുമായി കുറച്ചുസമയം കഥകൾ പങ്കിട്ട ശേക്ഷം  ഡാമിന്റെ കാഴ്ചയിലേക്ക് നീങ്ങി.


കബനി നദിയുടെ പോഷകനദിയായ പനമരം പുഴയ്ക്ക് കുറുകെ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെയും മണ്ണുകൊണ്ടുള്ള അണക്കെട്ടാണ് ബാണാസുര സാഗർ. വൈകുന്നേരത്തെ അസ്തമയ സൂര്യന്റെ പ്രഭയിൽ അണക്കെട്ടിന്റെ ജലാശയവും ഉള്ളിലുള്ള  ചെറുദ്വീപുകളും ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള  പ്രകൃതിരമണീയതയും ആസ്വദിച്ചും ഫോട്ടോകൾ എടുത്തും പടിഞ്ഞാറ് ഒളിക്കുന്ന സൂര്യനോടൊപ്പം ഞങ്ങളെ കാത്തുനിൽക്കുന്ന രൂപയുടെ അടുത്തേയ്ക്ക്. അസ്തമയ സൂര്യന്റെ പൊൻവെളിച്ചം വീണു തിളങ്ങുന്ന വയനാടൻ നെൽപാടങ്ങൾക്കിടയിലൂടെ കൽപ്പറ്റയ്ക്ക്. പിറ്റേന്ന് മുത്തങ്ങ പോകാൻ തീരുമാനിച്ച് രൂപയുടെ വീട്ടിൽ ഉറക്കം. 





ബാണാസുര സാഗർ

പിറ്റേന്ന് (13.03.21) രാവിലെ ആറുമണിക്ക് കോടമഞ്ഞിൽ പൊതിഞ്ഞ തണുത്ത പ്രഭാതത്തിൽ മുത്തങ്ങക്കു പുറപ്പെട്ടു. ഒപ്പം രൂപയും കൂടെ കൂടി. അവിടെ ജീപ്പ് സഫാരിക്കിടയിൽ ആലപ്പുഴ തുറവൂർ സ്വദേശി Roy Cherian എന്ന പുതിയ സുഹൃത്തിനേയും കിട്ടി. മാനുകളെയും മയിലുകളെയും ധാരാളം കണ്ട സഫാരിയിൽ കടുവ ഉപേക്ഷിച്ച മാനിന്റെ അവശിഷ്ടം ഭക്ഷിക്കുന്ന കഴുകൻ കൂട്ടത്തെ കണ്ടു. കാട് ഞങ്ങൾക്ക് എന്നും ആവേശമായതുകൊണ്ട് പെട്ടന്ന് മുത്തങ്ങ വിടാൻ തോന്നിയില്ല.

മുത്തങ്ങ വനത്തിലൂടെ



കഴുകൻ കൂട്ടം 














അപ്പോഴേക്കും രൂപയുടെ സുഹൃത്ത് Shan Iqbal ഞങ്ങളുടെ ഒപ്പം കൂടി. ഞങ്ങൾ നേരെ ഗുണ്ടൽപേട്ട് പോയി തിരിച്ചു വരാമെന്നു വിചാരിച്ചു പുറപ്പെട്ടു. പക്ഷെ കർണ്ണാടക അതിർത്തിയിൽ കോവിഡ് ഇല്ലാ സർട്ടിഫിക്കറ്റ് ഇല്ലാതെ വിടില്ലന്നു പറഞ്ഞു തടഞ്ഞു. പിന്നെ ഞങ്ങളുടെ അപേക്ഷയിൽ പോയി വാരാൻ അനുവദിച്ചു. ധാരാളം ആനകളെയും മാനുകളെയും മയിലുകളെയും കണ്ടും ഫോട്ടോയെടുത്തും ഗുണ്ടൽപേട്ട് എത്തിയപ്പോൾ ഷാനിന് ഒരു അഭിപ്രായം നമുക്ക് വന്നവഴി തിരിച്ചു പോകണ്ടെന്ന്. ബന്ദിപ്പൂർ വഴി തമിഴ്നാട് മുതുമലൈ വനം വഴി സുൽത്താൻ ബത്തേരി പോയാൽ അത് ഒരു അനുഭവമായിരിക്കുമെന്ന് ഉറപ്പിച്ചു.  അങ്ങനെ ബന്ദിപ്പൂർ കാട്ടിലേക്ക്, വിചാരിച്ചതിലും വലിയ അനുഭവമായിരുന്നു ആ യാത്ര. കാനനസൗന്ദര്യം ആസ്വദിച്ചു വൈകുന്നേരം ബത്തേരിയിലെത്തി അവിടുന്ന് വീണ്ടും രൂപയുടെ വീട്.








ആനക്കൂട്ടം 






ഇന്ത്യൻ മയിൽ / നീലമയിൽ











കാനന ഭംഗി 










പിറ്റേന്നു രാവിലെ തിരുവനന്തപുരത്തിനു തിരിച്ചു. പോരും വഴി വൈത്തിരിയിൽ ജോലിചെയ്യുന്ന Praveena Viswam യെയും സന്ദർശിച്ചു. ശേഷം താമരശ്ശേരി ചുരം ഇറങ്ങി മുക്കം, മഞ്ചേരി, പെരിന്തൽമണ്ണ വഴി തൃശൂർ. അവിടെ വടക്കുംനാഥന്റെ മുന്നിൽ വിശ്രമം. അവിടുന്ന് കൊടുങ്ങല്ലൂർ വഴി എറണാകുളം. അവിടെ Swapna Sibi യുടെ ആഥിത്യം സ്വീകരിച്ചു കിടന്നുറങ്ങി. പിറ്റേന്ന് വെളുപ്പിന് തിരുവനന്തപുരം. ആകെ 5 രാത്രികളും 4 പകലുകളും 1314 കിലോമീറ്റർ വണ്ടി ഓടിച്ചു. 





മറ്റുപലരുടെയും യാത്ര വച്ച് താരതമ്യം ചെയ്താൽ ഞങ്ങളുടെ ഈ യാത്ര ഒന്നുമല്ലന്നറിയാം. എങ്കിലും കുട്ടികൾ ഉണ്ടന്നും മറ്റു പല കാരണങ്ങൾ പറഞ്ഞും യാത്രപോകാൻ മടിക്കുന്നവർക്കു വേണ്ടികൂടെയാണ്  ഇങ്ങനെ ഒരു വിവരണം . യാത്രക്ക് വേണ്ടത് മനസ്സ് മാത്രമാണ് ബാക്കിയൊക്കെ പുറകേ വരും.





© titofoto



𝑃𝑙𝑒𝑎𝑠𝑒 𝑓𝑜𝑙𝑙𝑜𝑤 𝑜𝑛 𝑚𝑜𝑟𝑒 𝑝𝑖𝑐𝑡𝑢𝑟𝑒𝑠





1 comment:

  1. Nice picturs. Explain places with cute pics. Great job

    ReplyDelete