മുതുകോരമല
കോട്ടയത്തെ മീശപ്പുലിമല
PHOTO ALBUM
കോട്ടയം ജില്ലയിൽ പൂഞ്ഞാർ കുന്നോന്നി വഴിയും പൂഞ്ഞാർ കൈപ്പള്ളി വഴിയും മുത്തുകോര മലയിൽ എത്തിച്ചേരാം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള മലനിരകളാണ് മുതുകോര മല. ട്രെക്കിങ്ങും ഫോട്ടോഗ്രാഫിയും ഇഷ്ടപെടുന്നവർക്ക് ഒരു നല്ല യാത്രാ അനുഭവമായിരിക്കും മുതുകോരമല.
മുതുകോരമലയുടെ രണ്ടു വശങ്ങളിലും ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലും കൂട്ടിക്കൽ പഞ്ചായത്തിലുമായാണ് മുതുകോരമല ഉയർന്ന് നിൽക്കുന്നത്. പാറക്കൂട്ടങ്ങളും പഴയ തെയിലച്ചെടികളും മരങ്ങളും നിറഞ്ഞ കയറ്റം കയറി ചെല്ലുമ്പോൾ ഇന്ത്യയിൽ ആദ്യമായി റബ്ബർ തോട്ടങ്ങൾ കേരളത്തിൽ കൊണ്ടുവന്ന ഐറിഷ് പ്ലാന്റർ ജെ.ജെ. മർഫി സായിപ്പിന്റെ ബംഗ്ളാവ് കാണാം. പിന്നീട് മലക്ക് മുകളിലൂടെ കോതപുല്ലിനിടയിലൂടെ മലമുകളിലേക്ക് നടക്കുമ്പോൾ നല്ല കുളിർ കാറ്റ് എല്ലാ ക്ഷീണവും അകറ്റും. ചുറ്റും കണ്ണെത്താദൂരം കിടക്കുന്ന വിശാല കാഴ്ച ഒരു അനുഭവമാണ്. പത്തനംതിട്ട , ഇടുക്കി, കോട്ടയം ജില്ല കളിലെ പ്രദേശങ്ങൾ ഇവിടെ നിന്നു നോക്കിയാൽ കാണാം.
ഏത് മലയിലേതും പോലെ വെളുപ്പിന് സൂര്യൻ ഉദിക്കും മുൻപ് പോയാൽ മാത്രമേ മഞ്ഞിൽ മുങ്ങിനിൽക്കുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയുള്ളു. മുതുകോരമലയുടെ പുലർകാല കാഴ്ച അനുഭവം ഉച്ചക്ക് കയറുന്നവർക്ക് ഒരിക്കലും ലഭിക്കില്ല. തണുത്ത കാറ്റും പെയ്തിറങ്ങുന്ന മഞ്ഞും കണ്ണിനും മനസ്സിനും കുളിരു പകരുന്ന അനുഭവമാണ്.
ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്ണും സമീപമുള്ള മുതുകോരമലയുടെ സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ്.
രണ്ടു വശങ്ങളിലും കീഴ്ക്കാംതൂക്കായ കൊക്കയായതിനാൽ പരിചയമില്ലാതെ പാറക്കെട്ടിനു മുകളിലുള്ള സാഹസങ്ങൾ ഒഴിവാക്കുക. ഒപ്പം പ്രകൃതി കനിഞ്ഞു നൽകിയ ഈ പ്രദേശത്തെ നമുക്ക് പ്ലാസ്റ്റിക് വെയ്സ്റ്റും കുപ്പികളും വലിച്ചെറിഞ്ഞു നശിപ്പിക്കാതെയും നോക്കാം.
No comments:
Post a Comment