Total Pageviews

08 October 2019

titofoto's travel photo story

കൂന്തൻകുളം
  • Koonthankulam bird sanctuary


ഇമവെട്ടാതെ പക്ഷികളുടെ കാവലാളായ ഒരു തമിഴ്നാട് ഗ്രാമം 





തിരുനെൽവേലി ജില്ലയിൽ നാങ്കനേരി താലൂക്കിലാണ് ലോകത്തിനുതന്നെ മാതൃകയായ പക്ഷികളെ സ്വന്തം കുടുംബത്തെപോലെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയുന്ന കൂന്തൻകുളം എന്ന ഗ്രാമം.

വർഷങ്ങളായി ഇവിടുത്തെ  ഗ്രാമവാസികൾ ഇവിടെ വരുന്ന ദേശാടനപക്ഷികൾക്കും സ്വദേശികൾക്കും സംരക്ഷണമൊരുക്കാറുണ്ടായിരുന്നെങ്കിലും 1994 മുതലാണ് ഔദ്യോഗികമായി പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്നത്. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ പക്ഷിസങ്കേതമാണിത്. 12933 ഹെക്റ്റർ പരന്നുകിടക്കുന്ന കൂന്തൻകുളത്ത്‌ എപ്പോൾ പോയാലും പക്ഷികളെ കാണാമെങ്കിലും ഡിസംബർ മുതലാണ് സീസൺ ആരംഭിക്കുന്നത്. സ്വദേശികളും വിദേശികളുമായി ഒരുലക്ഷത്തിൽപരം പക്ഷികൾ ഇവിടെയെത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി വരുന്നവർക്ക് സന്ദർശിക്കാവുന്ന സ്ഥലമാണ് കൂന്തൻകുളം. ഒരു തനി തമിഴ്‌നാടൻ ഗ്രാമം. പ്രകൃതിയുമായി ഇണങ്ങി ഗ്രാമീണനന്മകൾ കണ്ട് പക്ഷികളുടെ കിലുകിലാരവം കേട്ട് നമ്മൾ പറഞ്ഞു കേട്ടിട്ടുള്ളതോ, ചിത്രങ്ങളിൽ കൊണ്ടുമാത്രം പരിചയമുള്ളതോ, കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്തതുമായ സ്വദേശിയും വിദേശികളുമായ പക്ഷികളെ കാണാനും ഫോട്ടോയെടുക്കാനുമുള്ള അപൂർവ്വ അനുഭമായിരിക്കും കൂന്തൻകുളം. പക്ഷി നിരീക്ഷകരുടെ പറുദീസയാണ് ഇവിടം. പക്ഷെ ഒരു ടൂറിസ്റ്റ് പ്ലേസ് എന്നുപറഞ്ഞു പോകാൻ പറ്റിയ സ്ഥലമല്ല കൂന്തൻകുളം. മാളുകളും പാർക്കുകളും ജങ്ക്ഫുഡുകളും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് പറ്റിയ സ്ഥലമല്ല ഇവിടം. ഇവിടെ ഹോട്ടൽപോയിട്ട് ഒരു ചായക്കട പോലുമില്ല. അതുകൊണ്ട് തന്നെ വരുന്നവർ ഭക്ഷണവും വെള്ളവും കൊണ്ടുവരേണ്ടതാണ്. 

ദേശാടനപക്ഷികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരുകൂട്ടം ജനങ്ങൾ. അവരുടെ വീടിനുമുകളിൽ പോലും അവ കൂടുകൂട്ടുന്നു. പക്ഷികളുടെ സൗകര്യത്തിനായി അവർ വീടിന്റെ ഉയരം കൂട്ടാറില്ല. എന്തിന്, പടക്കം പൊട്ടിക്കുന്ന ശബ്‌ദം പക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി പോലും ഇവർ ആഘോഷിക്കാറില്ല.









കൂന്തൻകുളം പോകുന്നവർ തിരുനെൽവേലി റൂട്ടിൽ  നാങ്കനേരിയെന്ന സ്ഥലത്തുനിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ കൂന്തൻകുളത്തെത്തും. തിരുനെൽവേലിയാണ് അടുത്ത റെയിൽവേ സ്റ്റേഷൻ. തിരുനെൽവേലി ബസ്റ്റാന്റിൽ നിന്നും കൂന്തൻകുളത്തിന് ബസ് കിട്ടും. പ്രഭാതവും സായാഹ്നവുമാണ് ഫോട്ടോഗ്രാഫിക്കു നല്ല സമയം. നല്ല വെളിച്ചവും ഒപ്പം വെയിൽ മാറിയ സമയം കൂടുതൽ പക്ഷികൾ ജലാശയത്തിൽ എത്തുകയും ചെയ്യുമെന്നതിനാൽ നല്ല ചിത്രങ്ങൾ കിട്ടും. 

കൂന്തൻകുളത്തു ഒരു വലിയ ജലാശയവും അതിന്റെ സൈഡിൽ കാഴ്ചക്കാർക്കായി പാർക്ക് പോലെ ബെഞ്ച്കളും പിന്നെ ഒരു വാച്ച് ടവറുമാണുള്ളത്. ജലാശയത്തിലേക്കും അതിനപ്പുറമുള്ള മരങ്ങൾ നിൽക്കുന്ന ചതുപ്പിലേക്കും പ്രേവേശനമില്ല. 













സീസണിൽ ജലാശയം മുഴുവനും പലതരം, ചെറുതും വലുതും, സ്വദേശിയും വിദേശിയുമായ പക്ഷികളെകൊണ്ടു നിറഞ്ഞിരിക്കും. സീസൺ തുടക്കസമയത്തു വാച്ച് ടവറിൽ കയറിനിന്നാൽ 3D  തിയേറ്ററിലെന്നപോലെ നമ്മുടെ കണ്മുന്പിലൂടെ കൂടുകൂടാനുള്ള മരച്ചില്ലയുമായി പറന്നുപോകുന്ന വിദേശികൾ. കണ്ണിനും ക്യാമറയ്ക്കും ഒരു വിരുന്നുതന്നെയാണ്. അതും Spot Billed Pelican, Ibis, Painted Stork പോലുള്ളവ. 














എല്ലാ മരത്തിനുമുകളിലും ഇവ കൂടുകൂട്ടുന്നു. ഈ ഗ്രാമത്തിന്റെ സ്നേഹ തണലിൽ പ്രജനനകാലം ചിലവഴിക്കുന്ന ഇവ കുഞ്ഞുങ്ങൾ പറക്കാറാവുന്നമുറയ്‌ക്കു ജൂൺ-ജൂലൈ ആകുമ്പോഴേക്കും തിരിച്ചുപോകുന്നു. അടുത്ത പ്രജനനകാലവും ഈ സ്‌നേഹതണലിൽ വരുമെന്ന പ്രീതീക്ഷയോടെ....  









കൂന്തൻകുളത്തെ ഏറ്റവും വലിയ പ്രത്യേകത വലിയ രാജഹംസം - Grater  Flamingo ഇവിടെ വരുന്നു എന്നുള്ളതാണ്. ജനുവരി പകുതിയോടെ എത്തുന്ന ഇവ ഫെബ്രുവരി അവസാനത്തോടെ അടുത്തലക്ഷ്യത്തിലേക്കു പറക്കും. പക്ഷെ മുൻപ് പറഞ്ഞ ജലാശയത്തിലോ വാച്ച് ടവറിൽനിന്നാലോ  flamingo യെ കാണാൻ സാധിക്കില്ല. അവിടെനിന്നും കുറച്ചുദൂരം മുൻപോട്ടുപോയി സൂഷ്മതയോടെ നിരീക്ഷിച്ചാലേ കാണാൻ സാധിക്കൂ. ഇതിനായി ഫോറസ്ററ് വാച്ചറിന്റെയോ പരിസരവാസികളുടെയോ സഹായം തേടുന്നത് നന്നായിരിക്കും. നേരിയ ശബ്‌ദമോ നമ്മുടെ സാന്നിധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ അവ പറന്നകലും. അതിനാൽ നല്ല ക്ഷമയും സ്വൽപ്പം കഷ്ടപ്പാടും ആവശ്യമാണ്‌.  ദൂരെ പൊട്ടുപോലെ കാണുന്ന flamingo കൂട്ടത്തിനു അടുത്തെത്താൻ ചതുപ്പിലൂടെ നിരങ്ങിയും മുട്ടിലിഴഞ്ഞും അവയുടെ കണ്ണിൽ പെടാതെ കമഴ്ന്നു കിടന്നുമാണ് കണ്ണിലും ക്യാമറയിലും പകർത്തിയത്. 

എന്തുകൊണ്ടോ കുറച്ചു വർഷങ്ങളായി ഇവിടെ വരുന്ന Flamingo കളുടെ എണ്ണത്തിൽ കുറവുണ്ടാവുന്നുണ്ട്. 














ഇവിടം ദേശാടനപക്ഷികളെ കൂടാതെ ധാരാളം സ്വദേശിപക്ഷികൾ,  പലതരം മൂങ്ങകൾ, ഓന്തുകൾ എന്നിവയുടെ പറുദീസയാണ്. 









പ്രകൃതിയെയും പക്ഷികളെയും ഇഷ്ടപെടുന്നവർക്കും ഫോട്ടോഗ്രാഫർമാർക്കും കുറഞ്ഞചിലവിൽ പോയിവരാൻ പറ്റിയ ഒരു ഗ്രാമമാണ് കൂന്തൻകുളം. നല്ല വൃത്തിക്കാണ് അവർ ആ ഗ്രാമം സൂക്ഷിക്കുന്നത്. അതിനാൽ പോകുന്നവർ ദയവായി നമ്മുടെ വെയ്സ്റ്റ് ടൂറിസം അവിടെ പ്രയോഗിക്കരുതേ. കൊണ്ടുപോകുന്ന കുപ്പിയും ഭക്ഷണഅവശിഷ്ടങ്ങളും അവിടെ വലിച്ചെറിയാതെ ശ്രദ്ധിക്കുക. അതിനായി ഒരു കവർ കരുതുക. കൂന്തൻകുളത്തെ ഗ്രാമത്തിനു ഇത് ടൂറിസമല്ല ജീവിതമാണ്. അവിടെയെത്തുന്ന പക്ഷികൾക്കും....



Copyright © 2019, All Rights Reserved

© titofoto


𝑃𝑙𝑒𝑎𝑠𝑒 𝑓𝑜𝑙𝑙𝑜𝑤 𝑜𝑛 𝑚𝑜𝑟𝑒 𝑝𝑖𝑐𝑡𝑢𝑟𝑒𝑠




















No comments:

Post a Comment